Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് തരംഗമായ പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ രചയിതാവ് കുഞ്ഞബ്ദുള്ളയ്ക്ക് പിന്തുണയുമായി കോൺഗ്രസ്. നിയമപോരാട്ടത്തിന് പാർട്ടി പിന്തുണ നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
കുഞ്ഞബ്ദുള്ളയെ ഫോണിൽ വിളിച്ചാണ് പിന്തുണയറിയിച്ചത്. നിയമ പോരാട്ടത്തിൽ എല്ലാ വിധ സഹായങ്ങളും ഉറപ്പുനൽകിയ അദ്ദേഹം പാട്ടെഴുതിയതിനെ അഭിനന്ദിക്കുകയും ചെയ്തു. കേരളം ഒട്ടാകെയിന്ന് ഏറ്റുപാടുന്ന പാരഡി ഗാനത്തിന്റെ ശിൽപി ജി.പി. കുഞ്ഞബ്ദുള്ളയുമായി ഫോണിൽ സംസാരിച്ചു.
അത്രയേറെ ആകർഷിച്ച വരികൾക്ക് മനസിൽ തട്ടി അഭിനന്ദനമറിയിക്കുകയും ചെയ്തു. കേസിനെ നേരിടാനുള്ള എല്ലാ നിയമസഹായവും കോൺഗ്രസ് പ്രസ്ഥാനത്തിൽ നിന്നുണ്ടാകുമെന്ന ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കെ.സി.വേണുഗോപാൽ സമൂഹമാധ്യമത്തിൽക്കുറിച്ചു.
Kerala
തിരുവനന്തപുരം: പോറ്റിയെ കേറ്റിയെ സ്വർണം ചെമ്പായ് മാറ്റിയേ എന്ന പാരഡി ഗാനത്തിനെതിരെ പോലീസ് കേസെടുത്തതിനു പിന്നാലെ പ്രതിഷേധവുമായി ചാണ്ടി ഉമ്മന് എംഎൽഎ. ഐഎഫ്എഫ്കെ വേദിയില് ഇതേ പാട്ട് പാടിയാണ് പുതുപ്പള്ളി എംഎല്എ പ്രതിഷേധിച്ചത്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന് തടയിടുന്നതിൽ കേന്ദ്രവും കേരളവും ഒരുപോലെയാണ്. കേന്ദ്രം സിനിമ വിലക്കുമ്പോൾ കേരളം പാട്ട് വിലക്കുന്നു. ഇഷ്ടമില്ലാത്തത് വിലക്കുന്ന രീതിയാണ് രണ്ടു കൂട്ടരും കാണിക്കുന്നത്. പലസ്തീൻ രാഷ്ട്രീയം പറയുന്ന ചിത്രങ്ങൾ കേന്ദ്രം വിലക്കി.
കേരള രാഷ്ട്രീയം പറയുന്ന പാട്ടാണ് വിലക്കിയത്. ഇഷ്ടമില്ലാത്തത് വിലക്കുന്നതിൽ കേന്ദ്രവും കേരളവും മുണ്ടും ജാക്കറ്റും പോലെയാണെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി. അതേസമയം വിവാദ പാരഡി ഗാനത്തില് പ്രതികള്ക്കെതിരെ ഉടന് കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് സൂചന.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള പരാമർശിക്കുന്ന പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കേസെടുത്തതിൽ പ്രതികരണവുമായി പാട്ട് എഴുതിയ ജി. പി. കുഞ്ഞബ്ദുള്ള. കേസിനെ നിയമപരമായി നേരിടുമെന്നും മതവികാരം വ്രണപ്പെട്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കുഞ്ഞബ്ദുള്ള പറഞ്ഞു.
തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ ആണ് നാലുപേർക്കെതിരെ കേസ്. ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, ‘പോറ്റിയെ കേറ്റിയെ’ ഗാനം ആലപിച്ച ഡാനിഷ് തുടങ്ങി നാല് പേർക്കെതിരെയാണ് കേസ്.
അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തി സമൂഹത്തെ ഇളക്കി വിട്ടെന്നുമാണ് എഫ്ഐആർ.
Kerala
തിരുവനന്തപുരം: “പോറ്റിയേ കേറ്റിയേ...” പാരഡി ഗാനം സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദമാകുന്നു. തെരഞ്ഞെടുപ്പിനു മുന്പുതന്നെ പാരഡി ഗാനം ആദ്യം സമൂഹമാധ്യമങ്ങളിലാണു പ്രചരിച്ചത്. എന്നാൽ, പിന്നീടു ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സർക്കാരിനും ഇടതുപക്ഷത്തിനുമെതിരേ പ്രതിപക്ഷവും പരിഹാസരൂപേണ പാരഡിഗാനം നന്നായി ഉപയോഗിച്ചു.
അപ്പോഴൊന്നും പരാതിയില്ലായിരുന്ന ഇടതുപക്ഷം തെരഞ്ഞെടുപ്പു ഫലം എതിരായപ്പോഴാണു പാട്ടിന്റെ തീവ്രതയെ സംബന്ധിച്ചു ബോധ്യപ്പെട്ടത്. ഇതോടെ പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നു പറഞ്ഞു നിയമപരമായി നേരിടാനുള്ള തയാറെടുപ്പുമായി സിപിഎം മുന്നോട്ടുപോകുകയാണ്.
പാരഡി ഗാനം പാടുന്നതു കേരളത്തിൽ ആദ്യമായല്ലെന്നും ഇതേ അയ്യപ്പ ഭക്തിഗാനം ഉപയോഗിച്ചു കെ. കരുണാകരൻ കാറിൽ സ്പീഡിൽ പോകുന്നതിനെ കളിയാക്കി സിപിഎമ്മും പാരഡി ഗാനം ഇറക്കിയിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ആ പാരഡി ഗാനം സിപിഎമ്മിന്റെ പാർട്ടി ചാനലിൽ അറിയപ്പെടന്ന രണ്ടു പേരെക്കൊണ്ടു പാടിച്ചിട്ടുമുണ്ട്. ഇതൊക്കെ പറയുന്പോൾ പഴയ കാര്യങ്ങൾ കൂടി ഓർക്കണം. കെ. കരുണാകരനെ കളിയാക്കി അയ്യപ്പന്റെ ഭക്തിഗാനം ഉപയോഗിച്ച് പാരഡിയുണ്ടാക്കാം. എന്നാൽ, സ്വർണംകട്ടവരെ കുറിച്ചു പാരഡി പാടില്ല. ഇത് എവിടത്തെ വാദമാണെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: പോറ്റിയെ കേറ്റിയെ പാട്ടിൽ കേസെടുത്ത് പോലീസ്. അയ്യപ്പന്റെ പേര് ഉപയോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിന്മേൽ തിരുവനന്തപുരം സൈബർ പോലീസ് ആണ് കേസെടുത്തത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസിൽ ഗാന രചയിതാവും സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും പ്രതികളാകും. പ്രസാദ് കുഴിക്കാലയുടെ പരാതിയിന്മേലാണ് പോലീസ് കേസെടുത്തത്. തിരുവാഭരണപാത സംരക്ഷണ സമിതി ജനറല് സെക്രട്ടറിയാണ് പ്രസാദ് കുഴിക്കാല.
Kerala
പാലക്കാട്: ‘പോറ്റിയേ...’ പാരഡിപ്പാട്ട് അപകടകരമായ ചർച്ചകളിലേക്കാണ് സിപിഎം വഴിതുറക്കുന്നതെന്ന് മൂൻ എംഎൽഎയും കെപിസിസി വൈസ് പ്രസിഡന്റുമായ വി.ടി. ബൽറാം. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരെ പ്രചാരണത്തിന് ഉപയോഗിച്ച പാരഡി ഗാനം വിവാദമായതോടെയാണ് വി.ടി. ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
പാട്ടെഴുതിയ ആളുടേയും മറ്റ് അണിയറ പ്രവർത്തകരുടേയും പേരുവിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് ഇത് മതനിന്ദയാണെന്ന നിലയിലുള്ള പ്രചരണത്തിന് സിപിഎമ്മിന്റെ ഉയർന്ന നേതാക്കൾതന്നെ നേതൃത്വം നൽകുന്നതെന്ന് അദ്ദേഹം കുറിച്ചു.
ഇതിനെ ഒരു വർഗീയ വിഷയമാക്കുക എന്നതാണ് മറ്റ് പല വിഷയങ്ങളിലുമെന്നതു പോലെ സിപിഎം ലക്ഷ്യമാക്കുന്നത്. തെരഞ്ഞെടുപ്പ് തോൽവിയിൽ സമനില തെറ്റിയ സിപിഎം ഇക്കാര്യത്തിൽ കൈവിട്ട കളിയാണ് കളിക്കുന്നതെന്നും ജാഗ്രത പുലർത്തേണ്ടത് കേരളമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.